District News
തൊടുപുഴ: ഹാഷിഷ് ഓയിലുമായി കോളജ് വിദ്യാര്ഥി പിടിയിലായി. തൊടുപുഴയിലെ സ്വകാര്യ കോളജില് ബിബിഎ മൂന്നാം വര്ഷ വിദ്യാര്ഥിയായ തൃശൂര് അത്താണി വലിയവീട്ടില് മനയത്ത് അമാന് അബ്ദുള്ളയാണ് പിടിയിലായത്. 93.9 ഗ്രാം ഹാഷിഷ് ഓയിലുമായി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്ഡില്നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലര്ച്ചെ മൂന്നരയോടെ സ്റ്റാന്ഡില് സംശയാസ്പദമായി കണ്ടതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള് പിടിയിലായത്. എസ്ഐമാരായ ജിബിന് തോമസ്, ആര്ദ്ര, ശിബു കുര്യാക്കോസ്, എഎസ്ഐ മധു, സിപിഒമാരായ ബേസില് ജോര്ജ്, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
കോഴിക്കോട്: നഗരത്തിലെ പല ഭാഗങ്ങളിലും വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പോലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും, ചെറിയ ബോട്ടിലുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനോടൊപ്പം 88,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കോവളം ഭാഗത്ത് ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം തട്ടാക്കുഴി കരിമണൽ ‘തിരുവോണം’ വീട്ടിൽ സച്ചു (27), ശ്രീകാര്യം പാങ്ങാപ്പാറ പുതിയിടം കാവുവിളയിൽ പണയിൽ വീട്ടിൽ അഖിൽ കൃഷ്ണൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 120 ഗ്രാമോളം എംഡിഎംഎ, 200 ഗ്രാമോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പോലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ വഴി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അമ്പലത്തറ പാഴ്സൽ സർവീസ് വഴി കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.
വള്ളക്കടവ് സുലൈമാൻ തെരുവ് സുമയ്യാ മൻസിലിൽ താമസിക്കുന്ന അൽത്താഫ് (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടിയോളം രൂപ വിലവരുന്ന 20 കിലോ ഹാഷിഷ് ഓയിൽ ഡിആർഐ സംഘം പിടിച്ചെടുത്തു.
അമ്പലത്തറ ബൈപ്പാസിലുള്ള പാഴ്സൽ സർവീസ് ഹബ് കേന്ദ്രീകരിച്ച് രാവിലെയായിരുന്നു ഡിആർഐയുടെ മിന്നൽ പരിശോധന.
തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് പാഴ്സൽ വഴി മയക്കുമരുന്ന് എത്തിച്ച ശേഷം, അവിടെയുള്ള തുറമുഖം വഴിയോ വിമാനത്താവളത്തിലെ കാർഗോ വഴിയോ വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതായി ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തലേദിവസം രാത്രി മുതൽ പാഴ്സൽ സർവീസ് കേന്ദ്രം ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. രാവിലെ വാഹനത്തിൽ നിന്നും ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫിനെ സംഘം വളഞ്ഞുപിടികൂടിയത്.
മുൻപ് സ്ഥിരമായി മാലിദ്വീപിലേക്ക് യാത്ര നടത്തിയിരുന്ന അൽത്താഫ് കസ്റ്റംസിന്റെ നിരീക്ഷണ പട്ടികയിലുള്ളയാളായിരുന്നു. കസ്റ്റംസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കിയ ഇയാൾ ഒളിവിൽ കഴിയാനായി പല സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ഒടുവിൽ പാഴ്സൽ സർവീസ് കേന്ദ്രത്തിന് സമീപമുള്ള നീലാറ്റിൻകരയിൽ വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ വലിയൊരു മയക്കുമരുന്ന് മാഫിയ തന്നെ പിന്നിലുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Kerala
തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്.
പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്.
പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Kerala
പൂച്ചാക്കൽ: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 1.16ഗ്രാം എംഡിഎംഎയും 3.45 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.
അരൂക്കുറ്റി പുതുക്കേരിച്ചിറ വീട്ടിൽ അരുൺകുമാറിനെയാണ് (27) കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: നെടുപുഴയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി അൻവർ റഷീദാണ് (24) അറസ്റ്റിലായത്. ഇയാളിൽനിന്ന് 152 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
ഇന്നലെ രാത്രി ഒന്പതേകാലിനു പോലീസ് പട്രോളിംഗിനിടെ നെടുപുഴ പള്ളിക്കു സമീപത്തുനിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെടുപുഴയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.
ഇയാൾക്കെതിരേ തൊടുപുഴ സ്റ്റേഷനിൽ നേരത്തെ മോഷണം, അടിപിടി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
District News
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. സി.എസ്. നിജിൽ (20) ആണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായി ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് നിജിലെന്ന് എക്സൈസ് പറഞ്ഞു.
പിടികൂടിയ എക്സൈസ് സംഘത്തിൽ അസി. ഇസ്പെക്ടർ(ഗ്രേഡ്) മാരായ ആർ.പി. അബ്ദുൾ നാസർ, പി.കെ. അനിൽകുമാർ, പി. പ്രമോദ്, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) കെ. ഉമേഷ് , സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബു, എം.വി. ശ്യാം രാജ്, എം.വി. സുജേഷ്, വി.കെ. സായൂജ്, സനൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവരും ഉണ്ടായിരുന്നു.
District News
അടിമാലി: വില്പ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. അടിമാലി നര്ക്കോട്ടിക് എന്ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്സ്പെക്ടര് രാഹുല് ശശിയും സംഘവും നടത്തിയ പരിശോധനയിലാണ് തൃശൂര് സ്വദേശി രാഹുൽ (25) പിടിയിലായത്.
അടിമാലി കൂമ്പന്പാറ ഭാഗത്ത് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ഇയാളുടെ പക്കല്നിന്നും 115 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മൂന്നാര്, വട്ടവട ഭാഗങ്ങളില് ലഹരിവസ്തു വില്പ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സ്ക്വാഡ് ഉദ്യോഗസ്ഥര് നല്കുന്ന വിവരം. അസി. എക്സൈസ് ഇന്സ്പെക്ടര്മാരായ എൻ.കെ. ദിലീപ്, ബിജു മാത്യു, സിവില് എക്സൈസ് ഓഫീസര്മാരായ കെ.എം. സുരേഷ്, യദുവംശരാജ്, മുഹമ്മദ് ഹാഷിം, അലി അഷ്കര് എന്നിവരുള്പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില് എടുത്തത്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിന്റെ പക്കൽ നിന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ മനോജിന്റെ പക്കൽ നിന്നും രണ്ട് കുപ്പി ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ പോലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, കേരള ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) ആക്ട് എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.